വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആ മരണമാസ്സ് രാജനി വീണ്ടും – Petta Review

പേട്ടൈ പാര് ….. പേട്ടൈ പാര്…….
പട്ടാളത്തിൻ നടയെ പാര്………….
പാര് നടുങ്കും പടയെ പാര്……

ഓരോന്നിനും അതിന്റെതായ സമയം ഉണ്ട് എന്ന് ദാസൻ പറഞ്ഞത് പോലെ തന്നെയുള്ള മറ്റൊരു വലിയ സത്യമാണ്… ഓരോന്ന് ചെയ്യാനും അതിന്റെതായ സ്ഥലമുണ്ട് എന്നു കൂടി പറയുന്നത്.
തമിഴ്നാട്ടിൽ ചെന്ന് രജനിപ്പടം ലൈവ് ആയി കാണുമ്പോൾ കിട്ടുന്ന ഫീൽ…. ആ സിനിമ മൊബൈലിൽ കണ്ടാൽ കിട്ടുമോ? ഹൈദരാബാദിൽ പോയി കഴിക്കേണ്ട ഹൈദരാബാദി ബിരിയാണി ഇവിടുത്തെ പോറ്റി ഹോട്ടെലിൽ ഇരുന്നു കഴിക്കുന്ന പോലത്തെ ‘ഡാർക്ക് സീൻ’ ഫീൽ ചെയ്യില്ലേ?.. . എന്നിട്ടും ഈ തമിഴ് റോക്കേഴ്സിന് എന്തിന്റെ കേട് ആണെന്ന് മനസ്സിലാകുന്നില്ല…. “പേട്ട” എന്ന സിനിമ ഒക്കെ കഷ്ടപ്പെട്ട് ഇന്റർനെറ്റിൽ ഇട്ട് പോലീസിന്റെ ഇടി വാങ്ങിക്കാൻ ……

മൈ ഡിയർ കുട്ടിച്ചാത്തൻ ആണ് ഞാൻ ആദ്യം കണ്ട 3D എങ്കിലും…. ആദ്യം കണ്ട 9D സിനിമ തമിഴ് നാട്ടിൽ വച്ച് MBA ക്ലാസ്സ് കട്ട് ചെയ്ത് കണ്ട “ബാഷ ” ആണ്. സ്ക്രീനിൽ “Superstar Rajini in & as.. ” എഴുതുന്ന വരെ മാത്രമേ 2D സിനിമ ഉള്ളു….. ഉടൻ ഫാൻസ് നമുക്ക് ചുറ്റും നൃത്തം വച്ച് , അത് 9D ആക്കുകയായി . നമ്മുടെ നാട്ടിലെ പോലെ ഫാൻസ് ആദ്യദിവസം വന്ന് ഷോ കാണിച്ചിട്ട് പോവുകയല്ല അവിടെ, …എപ്പോ ഷോയ്ക്ക് കയറിയാലും, കയറുന്നവർ എല്ലാം ഫാൻസ് ആയി മാറിപ്പോകുകയാണ് . “ഓട്ടോക്കാരൻ ഓട്ടോക്കാരൻ”…എന്ന് അണ്ണൻ സ്ക്രീനിൽ ഒരു തടവ് സൊല്ലുമ്പോൾ…..നമുക്ക് ചുറ്റും ഇരുന്ന് ഫാൻസ് അത് “നൂറു തടവ് ” സൊല്ലി നമ്മളെ ആവേശത്തിമിർപ്പിൽ മുക്കുകയാണ്.
സിനിമ കണ്ടിറങ്ങുമ്പോഴേക്കും തലൈവരുടെ ഗ്രാമത്തിൽ പോയി ജെല്ലിക്കെട്ട് ആസ്വദിച്ചിട്ടു വരുന്നപോലെയുണ്ടാവും മനസ്സ്.

അതെ…. ഉള്ളിൽ നിന്നും. ഈഗോ പറിച്ച് സ്ക്രീനിലേക്കെറിഞ്ഞ് സിനിമ കാണുന്ന, ബുദ്ധിജീവി പരിവേഷമില്ലാതെ സിനിമയെ സ്നേഹിക്കുന്ന ഒരു കൂട്ടം കാണികൾ ആണ് തമിഴ്നാട്ടിൽ . ഓരോ ഡയലോഗിലും…നമ്മുടെ മനസ്സിനൊപ്പം ആർത്തു വിളിക്കുന്ന, അണ്ണന്റെ ഓരോ ചലനങ്ങൾക്കും ചങ്കിൽ കൊട്ടി താളമിടുന്ന കാണികൾ…..എല്ലാം ചേർന്ന് നമുക്ക് സമ്മാനിക്കുന്നത്… രണ്ടര മണിക്കൂർ പോസിറ്റീവ് എനർജി കൊണ്ടുള്ള ഡിന്നർ…..

തമിഴ് നാട്ടിൽ വച്ച് കണ്ടത് കൊണ്ടാവും, കണ്ടിട്ടുള്ള രജനി ചിത്രങ്ങളിൽ ഏറ്റവും ഇഷ്ടവും ബാഷ ആണ്. പച്ചവെള്ളം ചവച്ചരച്ചു കുടിക്കുന്ന, ഒരാളെ നുള്ളിനോവിക്കാൻ പോലും അറിയാത്ത നായകൻ. പെങ്ങന്മാരുടെ നേർക്കുള്ള ലോക്കൽ വില്ലന്മാരുടെ മാന്തൽ തീരെ സഹിക്കാൻ കഴിയാതായപ്പോൾ കുരുക്ഷേത്രഭൂമിയിൽ വിശ്വരൂപം കാണിച്ച കൃഷ്ണനെപ്പോലെ അയാൾ ….. ആ ഇന്റർവെൽ പഞ്ചിൽ,…. പഴയ ഇന്ത്യ മുഴുവൻ വിറപ്പിച്ച അധോലോക നായകൻ ആയി വീണ്ടും മാറുകയാണ്. തമിഴന്മാരോടൊപ്പം നമ്മുടെ നെഞ്ചിലെ രോമവും എഴുനേറ്റ് നിന്ന് വിസിലടിക്കും.

അതിൽപ്പിന്നെ….. ഒരുപാട് നാളായി അത്തരമൊരു ചിത്രത്തിനായി കാത്തിരിക്കുന്നു. ഇന്ത്യ തോറ്റ വേൾഡ് കപ്പ് ഫൈനൽ കണ്ടിട്ട് തിരിച്ചു വരുന്നപോലെ ., അണ്ണന്റെ ഓരോ സിനിമയും കണ്ടു മടങ്ങാൻ തുടങ്ങിയിട്ട് കൊല്ലം പത്തായി.. “അണ്ണനെ ഞങ്ങൾക്ക് വെറുപ്പാണ് ” എന്നും പറഞ്ഞ് തമിഴ്നാട്ടിലേക്ക് ഒരു കത്തയക്കണം എന്നുവരെ തോന്നി.

അപ്പോഴാണ്… ഹോസ്റ്റൽ വാർഡൻ ആയി വേഷമിട്ട്, പേട്ട സിനിമയിലൂടെ അണ്ണന്റെ വരവ്. അണ്ണൻ ഈ സിനിമയിൽ വാർഡ് ചെയ്തത് വെറുമൊരു ‘ഹോസ്റ്റൽ’ അല്ല… അണ്ണനെക്കുറിച്ച് ഉണ്ടായിരുന്ന ഞങ്ങടെ സങ്കൽപ്പങ്ങളാണ്…… പക്കാ തമിഴ്നാട് ഓർമ്മകളുമായി വരുന്ന ….. ബാഷയുടെ ഒരു രണ്ടാം ഭാഗമാണ് ഇത് . ഒരു ഗേറ്റ് തള്ളിത്തുറക്കുന്ന ആദ്യ രജനിനായക ചിത്രത്തിലെ അതേ “ആദ്യ ഷോട്ടിൽ ” ഇവിടെയും അങ്ങയുടെ സീൻ തുടങ്ങിയപ്പോൾ, ഇത് അങ്ങയുടെ അഭിനയ ജീവിതത്തിന്റെ ഒരു ട്രെയിലറോ ട്രിബ്യുട്ടൊ ആണെന്ന് തോന്നി . അങ്ങ് ഇതുവരെ ചെയ്ത മികച്ച സിനിമകളിലെ നല്ല കഥാപാത്രങ്ങളുടെ പേരുകൾ കൊണ്ട്തന്നെ, ഈ സിനിമയിലെ മറ്റു കഥാപാത്രങ്ങളെ ഒരുക്കിയപ്പോൾ…. സംവിധായകൻ രണ്ടും കല്പിച്ചാണെന്ന് ഉറപ്പായി .

കഥ ഭയങ്കരമാണോ എന്ന് ചോദിച്ചാൽ അല്ല. രണ്ട് പ്രണയം, മൂന്ന് സ്റ്റണ്ട്, നാല് പാട്ട്, അഞ്ച് ഗുണ്ട..,ആറ് കൊലപാതകം ….പിന്നെ ലാലേട്ടൻ പണ്ട് ഒഴിപ്പിച്ച ധാരാവി അടക്കമുള്ള അധോലോകം… ഇതൊക്കെത്തന്നെ.
അല്ലെങ്കിലും.. ബാലൻ തൊട്ട് ബാഹുബലി വരെ നാം കണ്ടതിൽ കൂടുതൽ സിനിമയിലും ഇതൊക്കെ ഇല്ലേ ? ഒരേ ഇഷ്ടികെം സിമന്റും വച്ചു കെട്ടിയതാണേലും…. ചില കെട്ടിടങ്ങൾ കണ്ടാൽ, കുറച്ചു വിവരമുള്ളവൻ പണിതതാണെന്ന് തോന്നില്ലേ…? ആ വ്യത്യാസം സിനിമയ്ക്ക് ഉണ്ട്.

നവാസുദ്ദിൻ സിദ്ദിഖി അഭിനയിച്ച സിനിമ ആണെങ്കിൽ , സിനിമയുടെ പേര് പോലും നോക്കാതെയാണ് അതിന് ഞാൻ സാധാരണ ടിക്കറ്റ് എടുക്കാറ് …..കാരണം പേരൊക്കെ അഭിനയിക്കുന്നതിന് മുൻപ് നവാസുദ്ദിൻ സിദ്ദിഖി നോക്കീട്ടുണ്ടാവുമല്ലോ എന്നൊരു കോൺഫിഡൻസ് ആണ് :). അതുപോലെ ആയി വന്നുകൊണ്ടിരിക്കുകയാണ് വിജയ് സേതുപതിയും.

അപ്പൊ രജനികാന്ത്, നവാസുദ്ദിൻ, വിജയ് സേതുപതി…. ഇവർ മൂന്ന് പേരുമാണ് ഈ സിനിമയുടെ ഹീറോസ് എന്ന് തറപ്പിച്ചു പറയാൻ വരട്ടെ..

ഇതൊക്കെ കണ്ട് ആഹ്ലാദിക്കുന്ന.. മാടമ്പള്ളിയിലെ യഥാർത്ഥ ഹീറോ ഒരു മുപ്പത്തഞ്ചുകാരനാണ്…

പേര് കാർത്തിക്ക് സുബ്ബരാജ് ……
©Hari Kumar – Cinema Malayalam

About admin

Snidhin k

Check Also

neeli malayalam movie review

നീലി റിവ്യൂ – കേട്ടു മറന്ന പഴങ്കഥയല്ല – ഇത് കാലത്തെ അതിജീവിച്ച നീലിയുടെ പുതിയ ഭാവം

ഹൊറർ ചിത്രങ്ങൾ മലയാളിക്ക് പുതുമയുള്ള അനുഭവമല്ല. ഹോളിവുഡ് ചിത്രങ്ങൾ മുതൽ എല്ലാ ഭാഷകളിലെയും ഹൊറർ ആസ്വദിക്കുന്നവരാണ് മലയാളി പ്രേക്ഷകർ. അതുകൊണ്ട് …

Leave a Reply