neeli malayalam movie review
neeli malayalam movie review

നീലി റിവ്യൂ – കേട്ടു മറന്ന പഴങ്കഥയല്ല – ഇത് കാലത്തെ അതിജീവിച്ച നീലിയുടെ പുതിയ ഭാവം

ഹൊറർ ചിത്രങ്ങൾ മലയാളിക്ക് പുതുമയുള്ള അനുഭവമല്ല. ഹോളിവുഡ് ചിത്രങ്ങൾ മുതൽ എല്ലാ ഭാഷകളിലെയും ഹൊറർ ആസ്വദിക്കുന്നവരാണ് മലയാളി പ്രേക്ഷകർ. അതുകൊണ്ട് തന്നെ മലയാള ഹൊറർ സങ്കൽപ്പങ്ങളുടെ ഈറ്റില്ലമായ കള്ളിയങ്കാട്ടും, അവിടെ വസിക്കുന്ന നീലിയും പുതുതലമുറയ്ക്കും സുപരിചിതമാണ്. കാരണം കാലത്തിനും, സങ്കല്പത്തിനും അപ്പുറമാണ് നീലി എന്ന മിത്ത്. ഈ മിത്തിനെ ആസ്പദമാക്കി ഒരുപാട് കഥകളും, ചലച്ചിത്ര ആവിഷ്കാരങ്ങളും മുൻപ് ഉണ്ടായിട്ടുണ്ട്. എന്നാൽ അവയിലെല്ലാം നീലിയെ അവതരിപ്പിച്ചിരിക്കുന്നത് ഒരേ ഭാവത്തിലാണ്. ദുരാത്മാവായ നീലി കാഴ്ചക്കാരന്റെ ഭയത്തെയാണ് ലക്ഷ്യം വയ്ക്കുന്നത്. ഇത്തരത്തിൽ നീലിക്ക് മറ്റ് പല ഭാവങ്ങളുമുണ്ട്. അവളെ ദുരാത്മാവായി കാണുന്നവരും, പ്രതീക്ഷയായി കണ്ടു ആരാധിക്കുന്നവരും ഉണ്ട്. എന്നാൽ പതിവ് ചട്ടക്കൂടുകൾ ഒക്കെ തകർത്തെറിഞ്ഞുകൊണ്ടാണ് റിയാസ് മാരത്തിന്റെയും, മുനീർ മുഹമ്മദ്‌ ഉണ്ണിടെയും തൂലികയിൽ വിരിഞ്ഞ “നീലിയെ” നവാഗത സംവിധായകൻ അൽത്താഫ് റഹ്മാൻ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുന്നത്. ഇവിടെ നീലിയുടേത് സംരക്ഷണത്തിന്റെ ഭാവമാണ്. ലോക സിനിമയിൽ തന്നെ സൂപ്പർ നാച്ചുറൽ കഥകളിൽ ഈ ഭാവത്തിൽ അധികം പരീക്ഷണങ്ങൾ നടന്നിട്ടില്ല. അതുകൊണ്ട് തന്നെ നാം മുൻപ് കണ്ടു മറന്ന പഴങ്കഥകൾ നമുക്കിനി മറക്കാം. ഇത് കാലത്തെയും, സാങ്കേതികതയെയുമൊക്കെ മാനിച്ചുകൊണ്ട് അതിനെ അതിജീവിച്ച നീലിയുടെ പുനർജന്മമാണ്‌. അതേ കള്ളിയങ്കാട്ടു നീലിയുടെ മറ്റൊരു ഭാവം.

ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് മമ്ത മോഹൻദാസാണ്. സ്പീച്ച് തെറാപ്പിസ്റ്റ് ആയ മമ്ത ലക്ഷ്മി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലക്ഷ്മിയുടെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളാണ് ചിത്രത്തിന്റെ പ്രമേയം. ലക്ഷ്മിയുടെ ഭർത്താവ് മരിച്ച ശേഷം തന്റെ മകളുമായി ജന്മസ്ഥലമായ കള്ളിയാങ്കാട്ടേക്ക് എത്തുന്നതോടെയാണ് ചിത്രത്തിന്റെ ഗതി തിരിയുന്നത്. സാധാരണ ഹൊറർ ചിത്രങ്ങൾ ആരംഭിക്കുമ്പോൾ മെല്ലെ തുടങ്ങാറാണ് പതിവ്. എന്നാൽ ആ പതിവ് തെറ്റിച്ചുകൊണ്ട് തുടക്കം തന്നെ ഹൊറർ ഫീൽ നൽകി പ്രേക്ഷകനെ ചിത്രത്തിലേക്ക് വലിച്ചടുപ്പിക്കുകയാണ് ചിത്രം. പ്രേക്ഷകന്റെ വിശ്വാസ്യത നേടിയെടുക്കുന്നതിന് വേണ്ടിയാകാം അത്തരമൊരു പരീക്ഷണത്തിന് സംവിധായകൻ തയ്യാറായത്. അതുകൊണ്ട് തന്നെ ഹൊറർ ചിത്രത്തിന്റെ ഹൊറർ എന്ന സത്വം ലഭിക്കാൻ ഏറെ കാത്തിരിക്കേണ്ടി വരില്ല എന്ന് സാരം. പിന്നീട് ലക്ഷ്മിയുടെ ( മമ്ത ) ജീവിതത്തിലുണ്ടാകുന്ന ദുരനുഭവങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. മാതൃ സ്നേഹത്തിന്റെയും, വാത്സല്യത്തിന്റെയും, ആശങ്കയുടെയും, പ്രതീക്ഷകളുടെയും പുതിയ ഭാവങ്ങൾ മമ്തയുടെ കണ്ണുകളിൽ കാണാൻ സാധിക്കും. മികവാർന്ന പ്രകടനം കൊണ്ടു ശ്രദ്ധേയമാകുന്നു മംമ്‌തയുടെ രംഗങ്ങൾ. ബേബി മിയയാണ് മംമ്‌തയുടെ മകളായി അഭിനയിച്ചിരിക്കുന്നത്.

അനൂപ് മേനോൻ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. അദൃശ്യ ശക്തികളെ അന്വേഷിക്കുന്ന ഒരു ഇൻവെസ്റിഗേറ്ററുടെ വേഷത്തിലാണ് അനൂപ് മേനോൻ ചിത്രത്തിലെത്തുന്നത്. എന്തുകൊണ്ടോ ചിത്രം കാണുന്ന പ്രേക്ഷകന് ഏറെ പ്രതീക്ഷകൾ നൽകുന്ന വേഷമാണിത്. അനൂപിന്റെ സീനുകളിലൊക്കെ വല്ലാത്തൊരു പോസിട്ടീവ്‌ വൈബ് ക്രിയേറ്റ് ചെയ്യാൻ സാധിച്ചിട്ടുണ്ട്. അനൂപ് മേനോന്റെ കരിയറിൽ തന്നെ വളരെ വ്യത്യസ്തമായ വേഷമായിരുന്നിട്ട് കൂടി അത് വളരെ പക്വതയോടെ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഏറെ സസ്പെൻസുകളും, പുതുമയുള്ള നർമ്മ രംഗങ്ങളും കൊണ്ടു സമ്പന്നമാണ് ആദ്യ പകുതി. ഈ സസ്പെൻസുകളുടെ കാമ്പ് നഷ്ടപ്പെടുത്താതെ രണ്ടാം പകുതിയും മുന്നോട്ടു നീങ്ങുമ്പോൾ പ്രേക്ഷകന്റെ സങ്കൽപ്പങ്ങളെ തച്ചുടച്ച ക്ലൈമാക്സ്‌ അഭിനന്ദനങ്ങൾ അർഹിക്കുന്നു. എന്നാൽ അവസാന രംഗങ്ങൾ പ്രേക്ഷകന്റെ ചിന്തകൾക്ക് വിട്ടു നൽകിയിരിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം നീലിയുടെ മാതൃ ഭാവമാണ് ഞാൻ അവിടെ കണ്ടത്.. ആശ്രയിക്കുന്നവർക്ക് തുണയാകുന്ന വാത്സല്യത്തിലൂടെ നീലി എന്നിലെ പ്രേക്ഷകന്റെ ഹൃദയത്തിൽ ഇടം നേടുന്നു.

ബാബുരാജ്, മറിമായം ശ്രീകുമാർ എന്നിവർ നർമ്മ പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്തു കയ്യടി നേടുന്നു. മലയാള സിനിമയിലെ പുതിയ ഒരു ചിരി കോംബോയ്ക്കുള്ള തുടക്കമാകാൻ സാദ്ധ്യതകളുണ്ട്. അതോടൊപ്പം സിനിൽ സൈനുദ്ധീൻ, രാഹുൽ മാധവ് എന്നിവർ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു.

സൺ ആഡ്‌സ് & ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ Dr. സുന്ദർ മേനോനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അവതരണ മികവുകൊണ്ടും, അഭിനേതാക്കളുടെ പ്രകടനം കൊണ്ടും, വ്യത്യസ്തമായ പ്രമേയംകൊണ്ടും “നീലി” മികച്ചു നിൽക്കുന്നു. ഹൊറർ സിനിമകളെ ഇഷ്ടപ്പെടുന്ന മലയാളി പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവമാകും നീലി.

©AKHIL VISHNU V S

Movie Review

OVERALL RATING

സൺ ആഡ്‌സ് & ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ Dr. സുന്ദർ മേനോനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അവതരണ മികവുകൊണ്ടും, അഭിനേതാക്കളുടെ പ്രകടനം കൊണ്ടും, വ്യത്യസ്തമായ പ്രമേയംകൊണ്ടും “നീലി” മികച്ചു നിൽക്കുന്നു. ഹൊറർ സിനിമകളെ ഇഷ്ടപ്പെടുന്ന മലയാളി പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവമാകും നീലി.

User Rating: 3.7 ( 1 votes)

About admin

Snidhin k

Check Also

Review : മാംഗല്യം തന്തുനാനേന നമ്മുടെയെല്ലാം ജീവിതത്തിന്റെ നേർക്കാഴ്ചയാണ്.

നിർമ്മിച്ച സിനിമകൾ എല്ലാം കംപ്ലീറ്റ് ഫാമിലി എന്റർടൈനർ എന്ന നിലയിൽ വമ്പൻ വിജയങ്ങളാക്കിയ UGM പ്രൊഡക്ഷൻസ് എന്ന ബ്രാൻഡ് ആണ് …

Leave a Reply