ചലച്ചിത്രതാരം ശ്രീദേവി അന്തരിച്ചു

ചലച്ചിത്രതാരം ശ്രീദേവി അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് യുഎഇയില്‍ വെച്ചായിരുന്നു അന്ത്യം. 54 വയസ്സായിരുന്നു. മരണ സമയത്ത് ഭര്‍ത്താവ് ബോണി കപൂറും ഒരു മകളും അടുത്തുണ്ടായിരുന്നു.

തമിഴ്നാട്ടിലെ ശിവകാശിയില്‍ അഭിഭാഷകനായ അയ്യപ്പന്റെയും രാജേശ്വരിയുടെയും മകളായി 1963 ഓഗസ്റ്റ് 13നാണ് ജനനം. തുണൈവൻ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സിൽ ബാലതാരമായാണ് ചലച്ചിത്രം അരങ്ങേറ്റം. പൂമ്പാറ്റയിലൂടെ മലയാളത്തിലും ബാലതാരമായെത്തിയ ശ്രീദേവിക്ക് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും ലഭിച്ചു.

1976ൽ പതിമൂന്നാം വയസ്സിൽ കെ ബാലചന്ദർ സംവിധാനം ചെയ്ത ‘മുണ്ട്ര് മുടിച്ച്’ എന്ന ചിത്രത്തിൽ കമൽഹാസനും രജനീകാന്തിനുമൊപ്പം നായികയായി അരങ്ങേറി. പിന്നീടങ്ങോട്ട് തിരക്കേറിയ നായികയായി. പതിനാറു വയതിനിലേ, സിഗപ്പ് റോജാക്കൾ, മൂന്നാം പിറ, മിസ്റ്റർ ഇന്ത്യ, നാഗിന, തുടങ്ങിയവ ശ്രീദേവിയുടെ ഹിറ്റ് ചിത്രങ്ങളായിരുന്നു. സത്യവാൻ സാവിത്രി, ദേവരാഗം ഉൾപ്പെടെ 26 ഓളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു.

തമിഴും തെലുങ്ക് മലയാളവും കന്നഡയുമെല്ലാം കടന്ന് 1979ല്‍ പുറത്തിറങ്ങിയ സൊല്‍വ സാവനിലൂടെ ബോളിവുഡിലും അരങ്ങേറി. 83ല്‍ പുറത്തിറങ്ങിയ ഹിമ്മത് വാല ബോക്സ് ഓഫീസ് ഹിറ്റായതോടെ ബോളിവുഡിലെയും ശ്രീയായി. 90കളില്‍ ബോളിവുഡിലെ ഏറ്റവും പ്രതിഫലം പറ്റുന്ന നടിയായിരുന്നു ശ്രീദേവി.

ബോളിവുഡ് നിര്‍മാതാവ് ബോണി കപൂറിനെ വിവാഹം കഴിച്ചതോടെ അഭിനയ രംഗത്ത് നിന്ന് താല്‍കാലിക ഇടവേളയെടുത്ത ശ്രീദേവി 2012ല്‍ ഇംഗ്ലീഷ് വിഗ്ലീഷ് എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി. പത്മശ്രീ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ഉദ്ദേശിച്ച സീറോയാണ് അവസാന ചിത്രം. ജാന്‍വി, ഖുഷി എന്നിവരാണ് മക്കള്‍.

 

Courtesy : Original writer

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …